ലണ്ടന്‍: വേഗതയുടെ റാണി എന്ന വിശേഷണം വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാവണം ജെമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ഇത്തവണയും ട്രാക്കിലെത്തിയത്. ഞായറാഴ്‌ച പുലര്‍ച്ചെ 2.30ന് നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ഷെല്ലി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത് 10.75 സെക്കന്റുകളിലാണ്.
10.78 സെക്കന്റുകളില്‍ ഫിനിഷ് ചെയ്‌ത അമേരിക്കയുടെ കാര്‍മെലിത്ത ജെറ്റര്‍ ആണ് രണ്ടാം സ്ഥാനം നേടി വെള്ളി നേടിയത്. സ്വര്‍ണ്ണത്തോടൊപ്പം വെങ്‌ല മെഡലും ജമൈക്കയ്‌ക്ക് തന്നെയാണ്. 10.81 സെക്കന്റുകള്‍ കൊണ്ട് ഫിനിഷ് ചെയ്‌ത വെറോണിക്ക കാംബല്‍ ബ്രൗണ്‍ ആണ് മൂന്നാം സ്ഥാനം നേടിയത്.
ബീജിങ് ഒളിംപിക്‌സിലും 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം ഫ്രേസറിന് ഒപ്പം തന്നെയായിരുന്നു. 10.78 സെക്കന്റുകൊണ്ടാണ് അന്ന് ഫ്രേസര്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്തത്. 100 മീറ്ററില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണം നേടുന്ന ആദ്യ ജമൈക്കന്‍ വനിത എന്ന ബഹുമതി അങ്ങനെ കഴിഞ്ഞ തവണ ഫ്രേസര്‍ സ്വന്തമാക്കിയിരുന്നു. ലണ്ടനിലും ഈ വിജയം ആവര്‍ത്തിച്ചതോടെ ഫ്രേസര്‍ വീണ്ടും ജമൈക്കയുടെ അഭിമാന താരമാവുകയായിരുന്നു.





























