റിയാദ്: മെക്കയില്‍ നടക്കുന്ന ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദി നജാദിനെ സൗദി രാജാവ് അബ്ദുള്ള ക്ഷണിച്ചു. സൗദി അറേബ്യയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി(എസ്പിഎ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ സൗദി അംബാസിഡര്‍ ഔദ്യോഗികമായി തന്നെ രാജാവിന്റെ കത്ത് കൈമാറും. മുസ്ലീംലോകം അസാധാരണമായ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ പ്രത്യേക ഇസ്ലാമിക സമ്മേളനത്തിന് ഏറെ പ്രധാന്യമുണ്ട്.
വിശുദ്ധനഗരത്തില്‍ ആഗസ്ത് 15-16 ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ സിറിയയിലെ പ്രതിസന്ധി തന്നെയായിരിക്കും മുഖ്യ ചര്‍ച്ചാവിഷയം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനില്‍ ഉള്‍പ്പെട്ട 57 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
മ്യാന്‍മാറില്‍ മുസ്ലീങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ചര്‍ച്ചാവിഷയമാകും. മുസ്ലീം ലോകത്തെ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ അറബ് മേഖലയിലെ സംഭവവികാസങ്ങളും യോഗം ചര്‍ച്ച ചെയ്യും. അംഗരാജ്യങ്ങള്‍ക്ക് ഐക്യത്തോടെ നില്‍ക്കാന്‍ സാധിച്ചാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഒഐസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.





















