ലണ്ടന്‍: ഒളിംപിക്‌സില്‍ ഓരോ കായികതാരവും മത്സരിക്കാനെത്തുന്നത് താന്താങ്ങളുടെ രാജ്യത്തിന് വേണ്ടി ഒരു മെഡല്‍ നേടുക, അങ്ങനെ രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഗവാര്‍ മാരിയല്‍ ലണ്ടനില്‍ മത്സരിക്കുന്നത് വംശീയ കലാപങ്ങളുടെ ഇരയായി സ്വന്തം രാജ്യം നഷ്ടപ്പെട്ട ലോകത്തിലെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയാണ്.
സുഡാനില്‍ ജനിച്ച മാരിയല്‍ ഞായറാഴ്‌ച ഒളിംപിക്‌സില്‍ മത്സരിക്കാനിറങ്ങുന്നത് അന്താരാഷ്ട്ര ഒളിംപിസ്‌ക് കമ്മറ്റിയുടെ പ്രതിനിധിയായാണ്. അതായത് ഒരു രാജ്യത്തെയും പ്രിനിധീകരിച്ചല്ല അദ്ദേഹം ലണ്ടന്‍ ഒളിംപിക്‌സ് 2012ല്‍ മത്സരത്തിനിറങ്ങുന്നത്.
1984ല്‍ സുഡാനില്‍ നടന്ന വംശീയ കലാപത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മരിയല്‍ ജന്മദേശത്തു നിന്നും ഓടിയെത്തിയത് ഈജിപിതിലായിരുന്നു.
ഈജിപ്‌തില്‍ നിന്നും 2010 മുതല്‍ അമേരിക്കയില്‍ അഭയം തേടിയിരിക്കുകയാണ് മാരിയല്‍. സുഡാന്‍ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടപ്പോള്‍ മാരിയലിന്റെ ജന്മനാട് ദക്ഷിണ സുഡാന്‍ എന്ന പുതിയ രാജ്യത്തിന്റെ അതിര്‍ത്തിയിലായി. ഈ രാജ്യത്തിന് സ്വതന്ത്ര രാഷ്ട്രമായെങ്കിലും ഒളിംപിക്‌സ് കമ്മറ്റി രൂപീകരിക്കാന്‍ കഴിയാതിരുന്നതാണ് മാരിയലിനെ രാജ്യമില്ലാതെ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതാനാക്കിയത്.
മാരത്തണ്‍ മത്സര വിഭാഗത്തിലാണ് മാരിയല്‍ ഒളിംപിക്‌സിന്റെ സമാപന ദിനത്തില്‍ മാറ്റുരക്കാനിറങ്ങുന്നത്.





















