കൊച്ചി: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച മുഴുവന്‍ എസ്‌റ്റേറ്റ് ഉടമകളെയും ഒഴിപ്പിക്കണമെന്ന് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംഎല്‍എമാര്‍. നെല്ലിയാമ്പതി വിഷയത്തില്‍ സിബിഐ അന്വേഷണമാകാമെന്നും യുഡിഎഫ് രൂപീകരിച്ച ഉപസമിതിയ്ക്ക് ബദലായി രൂപം കൊണ്ട സമിതി യുഡിഎഫ് ഉപസമിതി കണ്‍വീനര്‍ അഡ്വ.എ.എന്‍. രാജന്‍ ബാബുവിനു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നെല്ലിയാമ്പതി സന്ദര്‍ശിച്ച ശേഷമാണ് എം.എല്‍.എമാരായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, എം.വി. ശ്രേയാംസ്‌കുമാര്‍, ഹൈബി ഈഡന്‍, വി.ടി. ബല്‍റാം എന്നിവര്‍ 16 പേജുള്ള റിപ്പോര്‍ട്ട് യുഡിഎഫ് ഉപസമിതി കണ്‍വീനര്‍ക്ക് കൈമാറിയത്. നെല്ലിയാമ്പതിയിലെ നാമമാത്ര കര്‍ഷകരുടേയും ചെറുകിട കര്‍ഷകരുടേയും കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി വനഭൂമിയായി തന്നെ നിലനിര്‍ത്തണം. എന്നാല്‍ കൃഷിഭൂമിയായി നിലനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരിനു നയപരമായ തീരുമാനമെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ എസ്‌റ്റേറ്റുകള്‍ പണയപ്പെടുത്തി ഉടമകള്‍ കോടികള്‍ കൈക്കലാക്കിയ സാഹചര്യത്തില്‍ വിഷയം സി.ബി.ഐ. അന്വേഷിക്കുന്നതാണ്ഉചിതം. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കം നിയമപ്രശ്‌നമാണെന്നും യുഡിഎഫ് എംഎല്‍എമാര്‍ വ്യക്തമാക്കി.





























