ഭുവനേശ്വര്‍ (ഒഡിഷ): കല്‍ക്കരി അഴിമതിയില്‍ ആരോപണ വിധേയനായ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായക് രാജി വെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാണ് ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ സംഭവത്തില്‍ മറ്റ് ആറുപേരെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമത്തിനിടെ പരിക്കേറ്റ വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ടൈറ്റ്‌ലറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ അക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് ടൈറ്റ്‌ലറാണെന്നാണ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റമാണ് ടൈറ്റ്‌ലറിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഘര്‍ഷത്തിനിടയില്‍ വനിതാപൊലീസിന് നേരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ടൈറ്റ്‌ലറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാല്‍പതോളം പേരടങ്ങുന്ന സംഘം വനിതാപൊലീസിനെ ആക്രമണത്തിനിരയാക്കാന്‍ ശ്രമിച്ചത്.
നിയമസഭാ മന്ദിരം പിക്കറ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 60 പൊലീസുകാരടക്കം 260 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നും കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വിശദീകണം നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്റെആവശ്യം.
മിനിമം പൊലീസിനെ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടതെന്നും ജനക്കൂട്ടം പെട്ടെന്ന് അക്രമത്തിലേക്ക് വഴി മാറിയതാണെന്നും ഒഡിഷ ഡി.ജി.പി പ്രകാശ് മിശ്ര പറഞ്ഞു.




















