പാറ്റ്‌ന: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്ക്ക് ഇറ്റലിയിലും മത്സരിക്കാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. അടുത്തിടെ ഒരു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ദേശീയ നേതാവെന്ന് വിശേഷിപ്പിക്കുകയുണ്ടായി.
എന്നാല്‍ പ്രാദേശിക നേതാവാണ് താനെന്നാണ് രാഹുല്‍ പറയുന്നത്. തന്റെ അഭിപ്രായത്തില്‍ രാഹുല്‍ ദേശീയ നേതാവ് മാത്രമല്ല, അന്താരാഷ്ട്ര നേതാവ് കൂടിയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലും ഇറ്റലിയിലും അദ്ദേഹത്തിന് മത്സരിക്കാമെന്നും മോഡി പരിഹസിച്ചു. ഗുജറാത്തിലെ പ്രാദേശിക നേതാവായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മോഡി പറഞ്ഞു.
ജനങ്ങളെ ചതിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. ഒരു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം യുവാക്കള്‍ക്ക് ജോലി നല്‍കിയതിന്റെ 72% ഗുജറാത്തിന് അവകാശപ്പെട്ടതാണെന്നും മോഡി പറഞ്ഞു. രാഹുല്‍ ദേശീയ നേതാവും മോഡി പ്രാദേശിക നേതാവുമായതിനാല്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.





















