തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടും സ്ഥിതിചെയ്യുന്ന ഭൂകമ്പസാധ്യതാ മേഖലയില്‍ അതീവ രഹസ്യമായി ന്യൂട്രിനോ പരീക്ഷണശാല തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അമേരിക്കയുമായി സഹകരിച്ച് തുടങ്ങാനൊരുങ്ങുന്ന ന്യൂട്രിനോ പരീക്ഷണശാല ദുരൂഹത നിറഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി പ്രദേശത്തേക്ക് നിര്‍മ്മിക്കാനൊരുങ്ങുന്ന തുരങ്കം ആരംഭിക്കുന്നത് തമിഴ്‌നാട്ടിലെ തേനിയിലും അവസാനിക്കുന്നത് ഇടുക്കിയിലുമാണ്. ടണലിന്റെ ഭൂരിഭാഗവും കേരളത്തിലാണ്. ഈ പദ്ധതിയ്ക്കായി കേന്ദ്രം തമിഴ്‌നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ അനുമതി തേടിയിട്ടില്ല. ഇത് ദുരൂഹമാണ്.
പരീക്ഷണത്തിന്റെ ഭാഗമായി ആണവവികിരണങ്ങള്‍ വന്‍ തോതില്‍ പ്രവഹിക്കാന്‍ സാധ്യതയുണ്ട്. പരീക്ഷണശാലയുടെ ഭാഗമായി ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒന്നും പറയുന്നില്ല. ഇതിനെക്കുറിച്ച് കൃത്യമായി ഒരു പഠനവും നടന്നിട്ടില്ല. ഭൂകമ്പ സാധ്യതാ മേഖലയില്‍ ഇത്തരമൊരു പരീക്ഷണശാല തുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും വിഎസ് പറഞ്ഞു.
യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത്വരെ പദ്ധതിയുടെ തുടര്‍നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
അതിനിടെ വിഎസിന്റെ കൂടംകുളം സന്ദര്‍ശനം സിപിഎം കേന്ദ്ര നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ചൊവ്വാഴ്ച കൂടംകുളം സന്ദര്‍ശിയ്ക്കുമെന്നാണ് വിഎസ് അറിയിച്ചിരിയ്ക്കുന്നത്. നേരത്തെ തന്നെ വി.എസ് കൂടംകുളത്ത് പോകാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും സി.പി.എം തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം ഇടപെട്ട് യാത്ര വിലക്കുകയായിരുന്നു. നാളെ രാവിലെ 9.30ന് വി.എസ് കൂടംകുളത്തേക്ക് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം വി.എസിന്റെ കൂടംകുളം സന്ദര്‍ശനത്തെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം അറിയിച്ചു.





























