ദില്ലി: പാര്‍ട്ടി വിലക്കിയിട്ടും കൂടംകുളം സന്ദര്‍ശിയ്ക്കാനൊരുങ്ങിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നടപടി അടുത്തമാസം നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച വിഎസ് അച്ചടക്കം ലംഘിച്ചുവെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. കേന്ദ്രകമ്മറ്റിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ വിഎസിനെതിരെ നടപടിയുണ്ടാവൂ.
കൂടംകുളം വിഷയത്തില്‍ കോഴിക്കോട്ടുനടന്ന പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്ന് സിപിഎം. കേന്ദ്രനേതാക്കള്‍ അറിയിച്ചു. റഷ്യയുടെ സഹായത്തോടെ തുടങ്ങിയ നിലയത്തെക്കുറിച്ച് പാര്‍ട്ടി രാഷ്ട്രീയപ്രമേയവും പാസാക്കിയിരുന്നു. വിഎസ് ഉള്‍പ്പെടെ ആരും അന്ന് പ്രമേയത്തെ എതിര്‍ക്കുകയോ ഭേദഗതി ആവശ്യപ്പെടുകയോ ചെയ്തില്ല. അന്ന് പാര്‍ട്ടിനിലപാടിനെ പിന്തുണച്ച വിഎസ് ഇപ്പോള്‍ പുറത്തു നിന്ന് പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ചത് തെറ്റാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് തിരുത്തണമെങ്കില്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലെ കഴിയൂവെന്നിരിക്കെ വിഎസ് ഇത് ലംഘിച്ച് പരസ്യമായി പാര്‍ട്ടിയ്‌ക്കെതിരെ രംഗത്തു വന്നു.
അതേസമയം വിഎസിന്റെ പ്രവര്‍ത്തി തെറ്റായിരുന്നില്ലെന്നാണ് സിപിഐ കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. വിഎസിനെ തടഞ്ഞ പൊലീസിന്റെ നടപടി ശരിയല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി പ്രഖ്യാപിക്കുകയും ചെയ്തു.





























