കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി എന്‍ പ്രതാപന്‍ സി പി എം വേദിയില്‍

  • By Shibu
Google Oneindia Malayalam News

എമര്‍ജിംഗ് കേരളയ്ക്കും മൊണ്ടേക് സിംഗ് അലുവാലിയയ്ക്കുമെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഹരിതരാഷ്ട്രീയത്തിന്റെ വക്താക്കളിലൊരാളായ ടി എന്‍ പ്രതാപന്‍ എം എല്‍ എ സി പി എം വേദിയില്‍. കോഴിക്കോട് കേന്ദ്രമായുള്ള സി പി എമ്മിന്റെ സാംസ്‌കാരിക പഠനകേന്ദ്രമായ കേളു ഏട്ടന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'എമര്‍ജിംഗ് കേരള; വികസനമോ വിനാശമോ?' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ മുഖ്യാതിഥിയായിരുന്നു ടി എന്‍ പ്രതാപന്‍ എം എല്‍ എ. പാര്‍ട്ടിക്കുള്ളിലും മാധ്യമങ്ങളിലും യു ഡി എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചിരുന്ന ടി എന്‍ പ്രതാപന്‍ സി പി എമ്മിന്റെ പാളയത്തിലെത്തി സര്‍ക്കാരിനെതിരെ തന്റെ നിലപാട് ആവര്‍ത്തിച്ചത് വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുമെന്ന് ഉറപ്പായി.

TN Prathapan-CPM

ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയയുടെ മണ്ടന്‍ ബുദ്ധിയില്‍ നിന്നുയര്‍ന്ന മണ്ടന്‍ ആശയങ്ങള്‍ കേരളത്തിന് സ്വീകാര്യമല്ലെന്നാണ് ടി എന്‍ പ്രതാപന്‍ പറഞ്ഞത്. കേരളം ഇന്ന് ഭൂമാഫിയയുടെ പിടിയിലാണെന്നും കാര്‍ഷിക സംസ്ഥാനമായ കേരളത്തെ വ്യവസായ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു.

കേരളം ഒരു കാര്‍ഷിക സംസ്ഥാനമാണ്. അതിനെ ഗുജറാത്ത്, കര്‍ണ്ണാടക പോലുള്ള വ്യവസായ തലസ്ഥാനങ്ങളുടെ നിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക ഘടനയ്ക്കും സാമൂഹികജീവിതക്രമത്തിനും യോജിച്ചതല്ല. കേരളം എങ്ങിനെയാണ് എമര്‍ജ് ചെയ്യപ്പെടേണ്ടതെന്ന കാര്യത്തില്‍ പുനര്‍നിര്‍വ്വചനം നടത്തേണ്ടതുണ്ട്. കേരളത്തെ പോലെ ഭൂമിയ്ക്ക് പ്രാധാന്യമുളള ഒരു സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. സംസ്ഥാനത്ത് ഓരോ ഇഞ്ച് ഭൂമിയുടെയും വിലയും അത് ആര് വാങ്ങണം, ആര്‍ക്ക് വില്‍ക്കണം എന്നതുമൊക്കെ തീരുമാനിക്കുന്നത് ഭൂമാഫിയയാണ്. കേരളത്തിന്റെ മണ്ണും വനങ്ങളും പ്രകൃതിയും പരിസ്ഥിതിയും ലക്ഷ്യം വെച്ച് അവ കവര്‍ന്നെടുക്കാനുള്ള കണ്ണുകളോട് കൂടിയാണ് സ്വകാര്യസംരംഭകര്‍ സംസ്ഥാനത്ത് നിക്ഷേപിക്കാനെത്തുന്നതെന്നും പ്രതാപന്‍ ആരോപിച്ചു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മണി ഓര്‍ഡര്‍ സമ്പദ്‌വ്യവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഷോപ്പിംഗ് മാളിനകത്ത് ഡിസൈന്‍ ചെയ്യപ്പെട്ട ഷോപ്പുകള്‍ പോലെ ഒരു കമ്പോള സംസ്ഥാനമായി സംസ്ഥാനം മാറുകയാണ്. സര്‍ക്കാര്‍ ജോലിയും വൈറ്റ് കോളര്‍ ജോലിയും സ്റ്റാറ്റസ് സിമ്പല്‍ ആയി യുവാക്കള്‍ കാണുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖല ചുരുങ്ങി ചുരുങ്ങിപ്പോവുകയാണ്.

സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം സ്വാഗതാര്‍ഹമാണ്. പ്രകൃതിവിഭവങ്ങളെയും മണ്ണിനെയും ജനങ്ങളെയും ചൂഷണം ചെയ്യാതെയുള്ള മനുഷ്യസൗഹൃദ വികസനമാണ് സംസ്ഥാനത്തിന് ആവശ്യം. സമ്പന്ന തമ്പുരാക്കന്‍മാരുടെ മൂലധനം ഇരട്ടിപ്പിക്കാന്‍ വേണ്ടിയല്ല; മറിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാവണം വികസനമെന്നും പ്രതാപന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് എമര്‍ജ് ചെയ്യപ്പെടുന്നത് കമ്മ്യൂണല്‍ കംപാര്‍ട്ട്‌മെന്റുകളാണ്. മതവും സമുദായങ്ങളും കമ്മ്യൂണല്‍ കംപാര്‍ട്‌മെന്റുകളായി എമര്‍ജ് ചെയ്യപ്പെടുന്നത് നാടിനാപത്താണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍ ഫോറത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍വ്യവസായമന്ത്രിയുമായിരുന്ന എളമരം കരീം എം എല്‍ എ, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംസാരിച്ചു. ടി എന്‍ പ്രതാപന്‍ ഒഴികെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തവരെല്ലാം സി പി എം നേതാക്കളായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് പ്രതാപന്റെ സാന്നിദ്ധ്യത്തില്‍ തന്നെ എളമരം കരീം ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ഉയര്‍ത്തിയത്.

English summary
Congress MLA TN Prathapan participated CPM's Kelu Ettan Padan Gaveshana kendram semminar. He attacked against Emerging Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X