കോഴിക്കോട്: സിപിഎമ്മിന്റെ കേന്ദ്രനിലപാടിനെ തള്ളി കൂടംകുളം സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച വിഎസ് അച്യുതാനന്ദനെ പിന്തുടര്‍ന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്തും കൂടംകുളം സമരത്തിന് പിന്തുണയുമായി രംഗത്ത്. പയ്യന്നൂരിലെ പെരിങ്ങോമില്‍ നിന്ന് ഈ മാസം 24ന് ആരംഭിക്കുന്ന പരിഷത്ത് പ്രചരണജാഥ 28ന് കൂടംകുളത്ത് സമാപിക്കും.
ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പെരിങ്ങോമില്‍ ആണവനിലയം സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തിനെതിരേ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പരിഷത്തായിരുന്നു. ഇതിനെ തുടര്‍ന്ന് പെരിങ്ങോമിലെ ആണവനിലയ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
എന്നാല്‍ കൂടംകുളം ആണവനിലയത്തിനായി 15000 കോടി രൂപ ചെലവഴിച്ചെന്നും ഇനി അതിനെതിരേ സമരം നടത്തുന്നത് ശരിയല്ലെന്നുമാണ് സിപിഎം നിലപാട്. ആദ്യഘട്ടത്തില്‍ പ്രതിഷേധിക്കാതെ ഇപ്പോള്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ആണവനയങ്ങള്‍ക്കെതിരായ നിലപാടാണിതെന്ന ആരോപണമാണ് വിഎസ് അച്യുതാനന്ദനും അനുഭാവികളും മുന്നോട്ടുവെയ്ക്കുന്നത്. പാര്‍ട്ടിവലക്ക് ലംഘിച്ച വിഎസിന് ലഭിക്കുന്ന പരസ്യമായ പിന്തുണകൂടിയാണ് പരിഷത്തിന്റെ കൂടംകുളം പ്രചരണ ജാഥ. കേരളത്തിലുടനീളം ശക്തമായ ആശയപ്രചരണ പദ്ധതികളാണ് പരിഷത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആയിരത്തി അഞ്ഞൂറ് കോടിയുടെ കണക്ക് പറഞ്ഞ് ജനകീയ പോരാട്ടത്തെ തടയാന്‍ ശ്രമിക്കുന്നവര്‍, കോടികള്‍ മൂല്യമുള്ള ആണവായുധങ്ങള്‍ പ്രയോഗിക്കണമെന്ന വാദമാണ് പരോക്ഷമായി മുന്നോട്ടുവെയ്ക്കുന്നത്. മനുഷ്യത്വരഹിതമായ ഈ നീക്കത്തെ അംഗീകരിക്കാന്‍ ജനകീയ ശാസ്ത്ര പ്രസ്ഥാനമെന്ന നിലയ്ക്ക് പരിഷത്തിന് കഴിയില്ല. അതുകൊണ്ടു തന്നെ കൂടംകുളത്തെ നിസ്സഹായര്‍ക്കൊപ്പം തന്നെ പരിഷത്ത് ഉറച്ച് നില്‍ക്കും-ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെടി രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് കൂട്ടിച്ചേര്‍ത്തു.





























