കണ്ണൂര്‍: യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ സെക്രട്ടറിയെയും വനിതാ വാര്‍ഡനെയും അറസ്റ്റ് ചെയ്തു. പെരളശ്ശേരി യത്തീംഖാന സെക്രട്ടറി നാരങ്ങോളിയില്‍ എ പി അഹമ്മദ്(41), വനിതാവാര്‍ഡറായ കാസര്‍ക്കോട് പടന്ന സ്വദേശിനി കുഞ്ഞാമിന(40)എന്നിവരെയാണ് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികളുടെ പരാതിയില്‍ സിറ്റി സിഐ രത്‌നകുമാര്‍, ചക്കരക്കല്‍ എസ് ഐ രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങള്‍ വെളിപ്പെട്ടത്. തുടര്‍ന്ന് ഏഴ് പെണ്‍കുട്ടികളെയും കണ്ണൂര്‍ ഡി വൈ എസ് പി ഓഫീസിലെത്തിക്കുകയും ഇവര്‍ പരാതി എഴുതി നല്‍കുകയും ചെയ്തു. പത്തും പതിനഞ്ചും പ്രായത്തിനിടയിലുള്ള കുട്ടികളെ യതീംഖാനയില്‍ വെച്ചും വാഹനത്തില്‍ വെച്ചും മറ്റും അഹമ്മദ് നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ പരാതി.
തങ്ങളെ പീഡിപ്പിച്ചരുന്ന വിവരം വനിതാവാര്‍ഡറായ കുഞ്ഞാമിനയോട് പറഞ്ഞിരുന്നുവെങ്കിലും അഹമ്മദുമായി വഴിവിട്ട ബന്ധമുള്ള ഇവര്‍ ഇക്കാര്യം പുറത്ത് പറയാതിരിക്കുകയും ഇയാള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുള്ളതായി പെണ്‍കുട്ടികള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞാമിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
1981ലാണ് പെരളശ്ശേരിയില്‍ യത്തീംഖാന ആരംഭിച്ചത്. അന്നുമുതല്‍ സെക്രട്ടറിയാണ് അഹമ്മദ്. പെരളശ്ശേരി സ്വദേശിയായ ഇയാള്‍ തളിപ്പറമ്പിലാണ് താമസം. ഇയാള്‍ക്ക് തളിപ്പറമ്പില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് കുട്ടികളാണ് യത്തീംഖാനയില്‍ താമസിച്ച് പഠിക്കുന്നത്. ഇതില്‍ ഇരുപത് പേര്‍ പെണ്‍കുട്ടികളാണ്.
പരാതി നല്‍കിയ കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയില്‍ ലൈംഗീകപീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. പരാതി നല്‍കിയ ഏഴ് കുട്ടികളെ കണ്ണൂര്‍ വനിതാ സെല്ലിന്റെ ഷെല്‍ട്ടര്‍ ഹോമിലും മറ്റ് പെണ്‍കുട്ടികളെ പഴയങ്ങാടിയിലെ ഒരു ഓര്‍ഫനേജിലും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. അന്തേവാസികളായ ആണ്‍കുട്ടികളില്‍ പലരെയും ഇയാള്‍ പ്രകൃതിവിരുദ്ധ ലൈംഗീകപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തും.ഇയാളുടെ പേരിലുള്ള ടാറ്റസുമോ വാഹനമടക്കം രണ്ടു വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





























