മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന് സച്ചിന് തെണ്ടുല്‍ക്കര്‍ വിരമിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. വിരമിക്കലിനെക്കുറിച്ച് പറഞ്ഞില്ലെങ്കിലും സച്ചിന് ഇരുന്നൂറാം ടെസ്റ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബറില്‍ വെസ്റ്റ് ഇന്ഡീസിനെതിരെയായിരിക്കും സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ്.
സച്ചിന് ഇരുന്നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോള്‍ തന്റെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മകന് അര്ജുന് തെണ്ടുല്‍ക്കര്‍. കംഗ ലീഗില്‍ യംഗ് പാഴ്സി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് ജൂനിയര്‍ തെണ്ടുല്‍ക്കറുടെ അരേേങ്ങറ്റം. ഏജ് ഗ്രൂപ്പുകളില്‍ പെടാത്ത ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ അര്‍ജുന്റെ കന്നി മത്സരമാണിത്.
പന്ത്രണ്ടാം വയസ്സുമുതല്‍ ജോണ്‍ ബ്രൈറ്റ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് സ്്ച്ചിന് കംഗ കപ്പ് കളിച്ചുതുടങ്ങിയത്. സച്ചിന്റെ മകന് അര്ജുന് ഇപ്പോള്‍ 13 വയസ്സായി. ഇടങ്കയ്യന്‍ ബാ്റ്റ്സ്മാനും മീഡിയം പേസ് ബൗളറുമാണ് അര്ജുന് തെണ്ടുല്‍ക്കര്‍. മോശം ഫോമിനെത്തുടര്‍ന്ന് മുംബൈ അണ്ടര്‍ 14 ടീമില്‍ നിന്നും അര്ജുന് ഈയിടെ പുറത്തായിരുന്നു.
1949 ല്‍ തുടങ്ങിയ കംഗ ടൂര്‍ണമെന്റ് മുംബൈയിലെ പ്രമുഖ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. ഇത്തവണ ടൂര്‍ണമെന്റിന്റെ അറുപത്തിയാറാം എഡിഷനാണ് നടക്കുന്നത്. സുനില്‍ ഗാവസ്കര്‍, ദിലീപ് വെംഗ്സര്‍ക്കര്‍ തുടങ്ങി മുംബൈ വഴി ഇന്ത്യന്‍ ടീമിലെത്തിയ പ്രമുഖര്‍ കംഗ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ട്. സെപ്തംബര്‍ 8 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്.