തീയേറ്ററില്‍ പോകാതെ റിലീസിംഗ് ദിവസം വീട്ടിലിരുന്ന് സിനിമ കാണാം,100 രൂപ മതി
കൊച്ചി: റിലീസിംഗ് ദിവസം സിനിമ വീട്ടിലിരുന്നു കുടുംബത്തോടൊപ്പം കണ്ടാലോ. എന്താ അങ്ങനെയൊരു അവസരം ലഭിച്ചാല്‍ നിങ്ങള്‍ അത് ഉപയോഗിയ്ക്കില്ലേ? ഇനിമുതല്‍ കുറഞ്ഞ ചെലവില്‍ വീട്ടിലിരുന്ന് തന്നെ റിലീസിംഗ് ദിവസം സിനിമ കാണാം. തീയേറ്ററിലേയ്ക്ക് പോകാതെ പുത്തന്‍ ചിത്രങ്ങള്‍ കേബിള്‍ ടിവി വഴി കാണാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. സംവിധായകനും നടനുമായ ചേരനാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്.
രാജ്യത്തുടനീളമുള്ള കേബിള്‍ ടിവി സ്ഥാപനങ്ങളുമായി സഹകരിച്ച് സിനിമ ടു ഹോം (സിടുഎച്ച്) എന്ന കമ്പനിയ്ക്ക് രൂപം നല്‍കിയതായി ചേരന് പറഞ്ഞു. നൂറു രൂപ മുടക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ റിലീസിംഗ് ദിവസം തന്നെ സിനിമ വീട്ടിലിരുന്ന് കാണാം.
വ്യാജ സിഡികളെ തകര്‍ക്കാനും നല്ല സിനിമ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുമാണ് പുതിയ സംരംഭം. ചേരന് സംവിധാനം ചെയ്ത ജെ കെ എന്നും നന്‍പനിന്‍ വാഴ്കൈ എന്ന ചിത്രമാണ് കേബിള്‍ ടിവി വഴി ആദ്യമായി റിലീസ് ചെയ്യുന്നത്. 30 ാം തീയതിയാണ് കേബിള്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരഭം നിലവില്‍ വരുന്നത്. ഒരു ദിവസം മൂന്ന് പ്രദര്‍ശനങ്ങളാണുള്ളത്. കേരളത്തില്‍ എസിവി, കേരള വിഷന്‍, ഭൂമിക ഡിജിറ്റല്‍, കോഴിക്കോട് കേബിള്‍ കമ്യൂണിക്കേഷന്‍ ലിമിറ്റഡ്, ഡെന്‍ നെറ്റ് വര്‍ക്ക് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് സിനിമ വീട്ടിലിരുന്ന് കാണാം.