അധ്യാപകനെ പ്രാപിക്കാന്‍ ശിഷ്യയുടെ മന്ത്രവാദം!
ഇന്‍ഡോര്‍: റിട്ടയേര്‍ഡ് അധ്യാപകനെ വശീകരിക്കാന്‍ വേണ്ടി വിദ്യാര്‍ഥിനി മന്ത്രിവാദം നടത്തുന്നതായി പരാതി. ഇന്‍ഡോര്‍ സ്വദേശി പ്രൊഫസര്‍ ചന്ദ്രപ്രകാശ് ത്രിവേദിയാണ് വിചിത്രമായ ഈ പരാതി നല്‍കിയത്. വേദശാസ്ത്രത്തില്‍ പത്തിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് 66 കാരനായ ത്രിവേദി. ഇന്‍ഡോര്‍ പോലീസിലെ സൈബര്‍ സെല്‍ ശനിയാഴ്ച കേസില്‍ അന്വേഷണം തുടങ്ങി.
രാത്രികളില്‍ തന്റെ വിദ്യാര്‍ഥിനിയുടെ സാമീപ്യം തന്റെ മുറിയില്‍ അറിയാന്‍ പറ്റുന്നു എന്നാണ് പ്രൊഫസര്‍ ത്രിവേദി പറയുന്നത്. ഇങ്ങനെ തോന്നുമ്പോള്‍ താന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുകയാണ് ചെയ്യുക. ഇതൊക്കെ പറയുമ്പോള്‍ തന്റെ മാനസിക നില ശരിയല്ല എന്ന് ആളുകള്‍ക്ക് തോന്നാനിടയുണ്ട് എന്നും ഇയാള്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്. എന്നാല്‍ തനിക്ക് മാനസികമായി യാതൊരു പ്രശ്നവും ഇല്ല.
സാധാരണ പരാതിയല്ല എന്ന കാരണം കൊണ്ട് മാത്രം തങ്ങള്‍ക്ക് പരാതി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല എന്ന് സൈബര്‍ സെല്‍ മേധാവി എന്‍ കെ ജാരിയ പറഞ്ഞു. പരാതി സ്വീകരിച്ചു. അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രൊഫസറുടെ പരാതിയെക്കുറിച്ച് അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് വലിയ ധാരണയൊന്നും ഇല്ല എന്നാണ് അറിയുന്നത്.
ഒഡീഷയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനി തനിക്ക് അയച്ച ഇ മെയിലുകളും പ്രൊഫസര്‍ പോലീസിന് നല്കി. പ്രൊഫസര്‍ക്ക് ശാരീരികമായോ മാനസികമായോ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് കുടുംബക്കാരുടെ മൊഴി. 2011 ല്‍ പ്രേതങ്ങള്‍ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് ഇന്‍ഡോര്‍ സ്വദേശിയായ രാം ചന്ദ്ര എന്ന 50 കാരന് പോലീസിനെ സമീപിച്ചിരുന്നു.