വീണ്ടും ബ്ലേഡ് മാഫിയ: പാലക്കാട്ട് കൂട്ട ആത്മഹത്യ
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്തു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നാട്ടുകാര്‍ ആരോപിയ്ക്കുന്നത്. പാലക്കാട് കോട്ടായി വറോട് ഗോകുലത്തില്‍ മാധവിക്കുട്ടിയമ്മ (80) മക്കളായ വിനോദ് (34), പ്രമോദ് (34) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ബ്ലേഡ് ഇടപാടുകാരില്‍ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. സംഭവം പ്രത്യേകസംഘം അന്വേഷിയ്ക്കും.
പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ വൃദ്ധയെയും മക്കളെയും ബ്ലേഡ് മാഫിയ ആക്രമിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ശല്യം സഹിയ്ക്കാതെ വന്നപ്പോഴായിരുന്നു ആത്മഹത്യ. രണ്ട് ദിവസം മുമ്പും ഇവരെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു.
ആത്മഹത്യ ചെയ്യപ്പെട്ട മൂന്നംഗ കുടുംബത്തിലെ ഒരു യുവാവ് വികലാംഗനാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ബന്ധുക്കളും അയല്‍ക്കാരും മാധവിക്കുട്ടിയമ്മയെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര് ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബ്ലേഡ് മാഫിയയെ കുടുക്കാന്‍ ഓപ്പറേഷന് കുബേരയ്ക്ക് ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ചിരുന്നു.