ശ്രീശാന്ത് ടോളിവുഡില്‍ നായകന്, കഥ ക്രിക്കറ്റ് തന്നെ
കൊച്ചി: ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് മാത്രമല്ലേ ശ്രീശാന്തിനെ വിലക്കാന്‍ പറ്റൂ, സിനിമയില്‍ ക്രിക്കറ്ററായി അഭിനയിക്കാമല്ലോ. അതെ, ക്രിക്കറ്റ് കേന്ദ്ര വിഷയമാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന സിനിമയിലാണ് ശ്രീശാന്ത് നായകനാകുന്നത് എന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മധുരാ ശ്രീധറുമായും ശ്രീശാന്ത് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം പ്രൊജക്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
ഐ പി എല്‍ കോഴക്കേസില്‍ വിലക്ക് കിട്ടിയതോടെ കളിയോ പോയി എന്നാല്‍ അഭിനയവും പാട്ടും റിയാലിറ്റി ഷോയും ആയി ഇമേജ് തിരിച്ചെടുക്കാം എന്ന ചിന്തയിലാണ് എന്ന് തോന്നുന്നു താരം. തെലുങ്ക് സിനിമയില്‍ തന്റെ അരങ്ങേറ്റം ഉടന്‍ തന്നെ ഉണ്ടാകുമെന്ന വിവരം ശ്രീശാന്ത് തന്നെയാണ് പുറത്ത് വിട്ടത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീ ഇതേക്കുറിച്ച് പറഞ്ഞത്.
അഭിനയം മാത്രമല്ല, അന്പുളള അഴകാ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സംഗീത സംവിധായകനായും ശ്രീ പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് പാട്ടുകളാണ് സിനിമയില്‍ ഉള്ളത്. ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞതായും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ഝലക് ദിഖ്ലാ ജാ പോലുള്ള റിയാലിറ്റി ഷോകളിലും ടി വി പരിപാടികളിലും ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
സ്കൂള്‍ കാലം മുതല്‍ താന്‍ സംഗീതം അഭ്യസിക്കുന്നുണ്ട് എന്നാണ് ശ്രീ പറയുന്നത്. പീന്നീട് ക്രിക്കറ്റില്‍ സജീവമായതോടെ സംഗീതം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ക്രിക്കറ്റിന്റെ തിരക്കില്ലാത്തതിനാല്‍ ശ്രീശാന്ത് സംഗീതത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൊച്ചി ആസ്ഥാനമായി എസ് 36 എന്ന പേരില്‍ സ്വന്തം ബാന്‍ഡും ശ്രീക്കുണ്ട്. പ്രശസ്ത ഗായകന് മധു ബാലകൃഷ്ണന് ശ്രീയുടെ സഹോദരീ ഭര്‍ത്താവാണ്.