ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസ് പത്തുമീറ്റര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം. ഇതോടെ നാലാംദിനത്തില്‍ ഇന്ത്യ കരസ്ഥമാക്കിയ വെങ്കലങ്ങളുടെ എണ്ണം രണ്ടായി. പത്ത് ഷോട്ട് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനം വരെയെത്തിയ ബിന്ദ്ര 187.1 പോയിന്റ് നേടിയാണ് വെങ്കലം നേടിയത്.
മത്സര രംഗത്തുനിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ബിന്ദ്രയുടെ മികവിലാണ് പത്തുമീറ്റര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യ വെങ്കലമണിഞ്ഞത്. അഭിനവ് ബിന്ദ്രയെക്കൂടാതെ സഞ്ജീവ് രജ്പുത്, രവികുമാര്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. 1863 പോയിന്റോടെയാണ് ടീം വെങ്കലം നേടിയത്. ബിന്ദ്ര 625.4 പോയിന്റും രവികുമാര്‍ 618.9 പോയിന്റും സഞ്ജീവ് 618.7 പോയിന്റും നേടി. 1886.4 പോയിന്റ് നേടിയ ചൈനയ്ക്കാണ് സ്വര്‍ണ്ണം. 1867 പോയിന്റോടെ ദക്ഷിണ കൊറിയ വെളളി നേടി.
{image-23-abhinav.jpg malayalam.oneindia.in}
ഗെയിംസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ മെഡല്‍ സമ്മാനിക്കുന്നത് ഷൂട്ടിങ്ങാണ്. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെങ്കലമാണിത്. ഷൂട്ടിങ് റേഞ്ചിലാണ് ഇന്ത്യ ആദ്യസ്വര്‍ണ്ണം നേടിയതും.
{image-23-abhinavbindra.jpg malayalam.oneindia.in}
സ്ക്വാഷ് വനിതാ സിംഗിള്‍സില്‍ മലയാളി താരം ദീപിക പളളിക്കല്‍, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനത്തില്‍ റാഫി സര്‍നോബത്, ഹീന സിധു, അനീസ സയ്യദ് എന്നിവരുമാണ് തിങ്കളാഴ്ച നടന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേടിക്കൊടുത്തത്. മൊത്തം ഏഴ് മെഡലുളള ഇന്ത്യ ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്താണ്.