ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഏഡന്‍ ഹസാര്‍ഡ് ക്ലബ്ബുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷം നീളുന്ന കരാറില്‍, 2019വരെ ടീമില്‍ തുടരാനാണ് ഹസാര്‍ഡിന്റെ തീരുമാനം. പുതിയ കരാര്‍ അനുസരിച്ച് ആഴ്ചയില്‍ 200,000 പൗണ്ട്(2 കോടി ഇന്ത്യന്‍ രൂപ) ആണ് ഹസാര്‍ഡിന്റെ ശമ്പളം.
ചെല്‍സിയെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് പ്രതിഫലമാണിത്. ഇന്നോളം ഒരു കളിക്കാരനും ഇത്രയും കൂടിയ തുക ചെല്‍സി പ്രതിഫലമായി നല്‍കിയിട്ടില്ല. മുതിര്‍ന്ന താരമായ ജോണ്‍ ടെറി, ചെല്‍സിയില്‍ നിന്നും വിട്ടുപോയ ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ ഒരു കോടിയിലധികം രൂപ ആഴ്ച പ്രതിഫലം പറ്റിയിരുന്നു. എന്നാല്‍ ചെല്‍സിയുടെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് 23കാരനായ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍.
കോച്ച് ഹോസെ മൗറീന്യോയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഹസാര്‍ഡിന് ഭാരിച്ച ശമ്പളം നല്കി ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്റ് തയ്യാറായത്. ലോകകപ്പ് ഫുട്ബോളില്‍ ബെല്‍ജിയത്തിനുവേണ്ടി ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തതെങ്കില്‍ പ്രീമിയര്‍ ലീഗ് സീസണ് ആരംഭിച്ചതോടെ മിന്നുന്ന ഫോമിലാണ് ഹസാര്‍ഡ്.
പ്രീമിയര്‍ ലീഗിലെ 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടുകയും അത്രതന്നെ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഹസാര്‍ഡ് ലോകത്തെ മികച്ച അഞ്ചു യുവകളിക്കാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ഫാബ്രിഗാസ് കോസ്റ്റ ഹസാര്‍ഡ് ത്രയത്തിന്റെ മികവില്‍ സീസണിലെ ആദ്യ നാലുകളികളിലും ജയിച്ച് 12 പോയന്റുമായി ഒറ്റയ്ക്ക് മുന്നിലാണ് ചെല്‍സി.