ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ഐക്കണാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ധോണിയെങ്ങാനും ക്രിക്കറ്റ് വിടുന്നു എന്ന് കേട്ടാല്‍ ആരാധകര്‍ ഞെട്ടിപ്പോകും. എന്തായാലും പേടിക്കേണ്ട കാര്യമില്ല. ബാംഗ്ലൂരില്‍ ക്രിക്കറ്റ് പ്രാക്ടീസിനിടയ്ക്ക് കുറച്ച് നേരം ബാഡ്മിന്റണ്‍ കളിച്ചുനോക്കി എന്നേയുള്ളൂ. ബാഡ്മിന്റണ്‍ പ്രൊഫഷനാക്കാനൊന്നും ധോണിക്ക് പ്ലാനില്ല.
ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിനായി ബാംഗ്ലൂരിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരീശിലന സെക്ഷനിടെയാണ് ധോണി ബാഡ്മിന്റണില്‍ അരക്കൈ നോക്കിയത്. വെളളിയാഴ്ച വൈകുന്നേരം ടീം പ്രാക്ടീസിനെത്തിയതും മഴ പെയ്തു. മഴ മാറിയതോടെ കുറച്ചുപേര്‍ ഫുട്ബോള്‍ തട്ടാനിറങ്ങി. ബ്രാവോയും മറ്റു ചിലരും നെറ്റ്സില്‍ ബാറ്റിംഗ് പ്രാക്ടീസിലായിരുന്നു.
കുറച്ച് നേരം ഫുട്ബോള്‍ കളിച്ച നേരം ധോണി നേരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി ബാഡ്മിന്റണ്‍ റാക്കറ്റ് കയ്യിലെടുത്തു. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് അംഗങ്ങളുമൊത്ത് ഡബിള്‍ മത്സരങ്ങളില്‍ ധോണി പങ്കെടുത്തു. ബാഡ്മിന്റണിലും ധോണി മോശമാക്കിയില്ല. കരുത്തുറ്റ കുറച്ച് സ്മാഷുകള്‍ പായിച്ചു. ധോണിയുടെ കളിയെ സഹതാരങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
ഡബിള്‍സ് ജയിച്ച ശേഷം ധോണി ക്രിക്കറ്റ് പ്രാക്ടീസിലേക്ക് തിരിച്ചുപോയി. ഇതാദ്യമല്ല ധോണി ബാഡ്മിന്റണ്‍ കളിക്കാനെത്തുന്നത് എന്ന് കെ എസ് സി എ അംഗങ്ങള്‍ പറഞ്ഞു. ബാംഗ്ലൂരില്‍ കളിക്കാനെത്തുമ്പോഴെല്ലാം ധോണി ബാഡ്മിന്റണ്‍ കളിക്കാന്‍ കൂടാറുണ്ട്. ക്രിക്കറ്റിന് പുറമേ ഫുട്ബോളിലും ഒരു ചെറിയ താരമാണ് ക്യാപ്റ്റന്‍ കൂള്‍ ധോണി.