ദില്ലി: ദേശീയവിനോദമായ ഹോക്കിയെ അര്‍ജുന അവാര്‍ഡില്‍ നിന്നും തഴഞ്ഞ കപില്‍ദേവിനെതിരെ ഹോക്കി ഇന്ത്യയുടെ പ്രതിഷേധം. അവസരവാദി എന്നും നാണക്കേട് എന്നും വിളിച്ചാണ് ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി നരീന്ദര്‍ ബത്ര കപില്ദേവിനോടുള്ള പ്രതിഷേധം അറിയിച്ചത്. ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനാണ് ഹരിയാനക്കാരനായ കപില്‍ദേവ് നിഖഞ്ജ്.
കായികതാരങ്ങള്‍ക്കുള്ള അര്‍ജുന അവാര്‍ഡ് കമ്മിറ്റിയുടെ തലവനാണ് കപില്‍ദേവ്. 15 കായികതാരങ്ങള്‍ക്കാണ് ഇത്തവണ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അവാര്‍ഡിനുള്ള പട്ടിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ പരാതി നല്‍കിയിരുന്നു. എന്നാല്‍ പട്ടിക പുനപരിശോധിക്കില്ല എന്നായിരുന്നു കപില്‍ദേവിന്റെ തീരുമാനം.
അഞ്ച് മലയാളികളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തതിനെ ചോദ്യം ചെയ്താണ് ഹോക്കി ഇന്ത്യ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ സംസ്ഥാനം നോക്കിയല്ല പ്രകടനം നോക്കിയാണ് കമ്മിറ്റിയുടെ ശുപാര്‍ശയെന്നായിരുന്നു കപിലിന്റെ പ്രതികരണം. ഹോക്കി ഇന്ത്യയുടെ സെക്രട്ടറിയായ നരീന്ദര്‍ ബത്ര ആരാണ് എന്നും അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ടോ എന്നും കപില്‍ ചോദിച്ചിരുന്നു.
ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ വില കുറഞ്ഞ അവസരവാദത്തിന്റെ പേരില്‍ അട്ടിമറിക്കുന്നു എന്നാണ് ബത്ര കപില്‍ദേവിനെ കുറ്റപ്പെടുത്തുന്നത്. വിമത ക്രിക്കറ്റിലൂടെ പണം സമ്പാദിച്ച കപില്‍ദേവ് ബി സി സി ഐയുടെ പെന്ഷന് കിട്ടാന്‍ വേണ്ടിയാണ് ഐ സി എല്‍ വിട്ടതെന്നും ബത്ര കുറ്റപ്പെടുത്തി. തന്നോട് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടെങ്കില്‍ ഹോക്കി താരങ്ങളോട് തീര്‍ക്കരുതെന്നും ബത്ര കപില്‍ദേവിനോട് പറഞ്ഞു.