ഇഞ്ചിയോണ്‍: ഏഷ്യയിലെ ഹോക്കി രാജാക്കന്മാരെ തീരുമാനിക്കാനുള്ള ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ചിരവൈരികളായ പാകിസ്താന്. ജയിച്ചാല്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ മാത്രമല്ല, ഒളിംപിക്സിനുള്ള ഡയറക്ട് എന്‍ട്രി കൂടിയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. 2016 ല്‍ ബ്രസീലിലെ റിയോ ഡി ജെനീറോയിലാണ് ഒളിംപിക്സ് നടക്കാനിരിക്കുന്നത്.
ലീഗ് ഘട്ടത്തില്‍ പാകിസ്താനോട് തോറ്റതിന് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ഇന്ത്യന്‍ ടീമിനുണ്ട്. ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പാക് പട ഇന്ത്യയെ തോല്പിച്ചത്. 1982 ലെ ദില്ലി ഗെയിംസിലാണ് ഇന്ത്യയും പാകിസ്താനും ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പരസ്പരം വന്നത്. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പാകിസ്താന് ഇന്ത്യയെ അന്ന് ഞെട്ടിച്ചുവിടുകയായിരുന്നു.
32 വര്‍ഷത്തിന് ശേഷം പാകിസ്താനെതിരെ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ചരിത്രം ഇന്ത്യയ്ക്കൊപ്പമല്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്ന എട്ടാമത്തെ മത്സരമാണ് ഇത്. വെറും രണ്ട് തവണ മാത്രമേ ഇന്ത്യ ഇതില്‍ ജയം കണ്ടുള്ളൂ. റൗണ്ട് റോബിന് ബേസിസില്‍ കളിച്ച ബീജിംഗില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്താന് സ്വര്‍ണം നേടിയിരുന്നു.
1998 ലെ ബാങ്കോക്ക് ഏഷ്യാഡിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടുുന്നത്. ധന്‍രാജ് പിള്ളയായിരുന്നു അന്ന് ക്യാപ്റ്റന്‍. സെമിഫൈനലില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ തോല്പിച്ചാണ് ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയത്.