ലണ്ടന്‍: ഇംഗ്ലണ്ടിനതിരായ ഒന്നാം ടെസ്റ്റിനിടെ ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്ഡഡേഴ്സനെ ചീത്തവിളിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പിഴ. മാച്ച് ഫീസിന്റെ 50 ശതമാനം പിഴയാണ് ജഡ്ഡു കേസില്‍ ഒടുക്കേണ്ടിവരിക. ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിനിടെ ജഡേജയും ആന്‍ഡേഴ്സണും തമ്മിലുണ്ടായ കശപിശ രണ്ട് ടീമുകള്‍ തമ്മിലുള്ള വഴക്കോളം വളര്‍ന്നിരുന്നു.
ബാറ്റിംഗ് കഴിഞ്ഞ് മടങ്ങവേ രവീന്ദ്ര ജഡേജയെ ആന്ഡേഴ്സന് പിടിച്ചുതള്ളി എന്നായരിരുന്നു ആദ്യം പരാതി. ആന്‍ഡേഴ്സണെതിരെ ഇന്ത്യ പരാതി എഴുതി നല്‍കിയിരുന്നു. ഐ സി സി ലെവല്‍ മൂന്ന് പ്രകാരമുള്ള കുറ്റം ആന്ഡേഴ്സണ് മേല്‍ ചുമത്തിയിരുന്നു. ആന്‍ഡേഴ്സണെ രക്ഷിക്കാന്‍ വേണ്ടി ഇംഗ്ലണ്ട് ജഡേജയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
ലെവല്‍ രണ്ട് പ്രകാരമുള്ള കുറ്റമാണ് ഇതിന്‍പ്രകാരം ജഡേജയ്ക്കെതിരെ ചുമത്തിയിരുന്നത്. മാച്ച് ഫീസിന്റെ അമ്പത് ശതമാനം ജഡേജ അടക്കണം. എന്നാല്‍ ആന്ഡേഴ്സന് കുറച്ചുകൂടി കടുപ്പമാകും കാര്യങ്ങള്‍. രണ്ടോ മൂന്നോ ടെസ്റ്റില്‍ നിന്നുവരെ വിലക്ക് കിട്ടാവുന്ന കുറ്റമാണിത്. ആന്‍ഡേഴ്സന്റെ വിധി പറയുന്നത് ആഗസ്ത് ഒന്നിലേക്ക് നീട്ടിവെച്ചിട്ടുണ്ട്.
സമനിലയിലായ ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് വിവാദ സംഭവങ്ങള്‍ ഉണ്ടായത്. ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചുവരുന്നത് വഴി ആന്ഡേഴ്സണ് ധോണിക്കും ജഡേജയ്ക്കും അടുത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡേജ ആന്‍ഡേഴ്സനെ ചീത്ത പറഞ്ഞു എന്നാണ് ഐ സി സി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ആന്ഡേഴ്സണ് ജഡേജയെ പിടിച്ചു തള്ളിയിരുന്നു. ആന്‍ഡേഴ്സനാണ് കുറ്റക്കാരനെന്ന് സംഭവം നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന ധോണിയും പറഞ്ഞിരുന്നു.