ലിസ്ബണ്‍: ബ്രസീലില്‍ നടന്ന ഇരുപതാം ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡിഫന്റര്‍ മാര്‍ക്കോസ് റോജോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറില്‍ ഏര്‍പ്പെടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ദുര്‍ബലരായ സ്വാന്‍സിയോട് മാഞ്ചസ്റ്റര്‍ 2-1 എന്ന സ്കോറിന് തോറ്റിരുന്നു.
തോല്‍വിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രതിരോധത്തിലെ പാളിച്ചകളായിരുന്നു. ഫെര്‍ഡിനാന്റ് അടക്കമുള്ള മുന്‍നിര താരങ്ങള്‍ കളമൊഴിഞ്ഞതോടെ മാഞ്ചസ്റ്ററിന്റെ പ്രതിരോധം പ്രതാപകാലത്തിന്റെ നിഴല്‍മാത്രമാണ്. പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ താരത്തെ ടീമിലെടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ്ങ് ലിസ്ബണില്‍ കളിച്ചുവരികയാണ് റോജോ. 16 മില്യണ്‍ പൗണ്ടിനാണ് റോജോയുടെ കൈമാറ്റം. റോജോയെ മാഞ്ചസ്റ്ററിലെത്തിക്കുമ്പോള് മാഞ്ചസ്റ്ററിന്റെ പോര്‍ച്ചുഗീസ് താരം നാനിയെ ലിസ്ബണു കൈമാറും. നേരത്തെ സ്പോര്‍ട്ടിങ്ങ് ലിബ്സണില്‍ കളിച്ച നാനി ഏഴു വര്‍ഷത്തിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിനുശേഷമാണ് പഴയ ടീമിലേക്ക് തിരിച്ചെത്തുന്നത്.
ലോകകപ്പിലെ മിന്നുന്ന പ്രകടനം തന്നെയാണ് റോജോയില്‍ മാഞ്ചസ്റ്ററിന്റെ കണ്ണുപതിയാന് കാരണമായത്. സാഹചര്യത്തിനനുസരിച്ച് മുന്നേറി കളിക്കുന്ന മികച്ച ഡിഫന്ററാണ് താനെന്ന് ലോകകപ്പ് മത്സരത്തോടെ റോജോ തെളിയിച്ചിരുന്നു. ലോകകപ്പില്‍ വിലപ്പെട്ട ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു ഈ ഡിഫന്റര്‍. സ്പാര്‍ട്ടക് മോസ്കോയില്‍ നിന്ന് 2012ലാണ് റോജോ സ്പോര്‍ട്ടിങ്ങില്‍ എത്തുന്നത്.