ബാഴ്സലോണ: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ കൊളംബിയന്‍ താരത്തിന്റെ മാരക ഫൗളിനിരയായ ബ്രസീല്‍ താരം നെയ്മര്‍ കളിക്കളത്തിലിറങ്ങാന്‍ പൂര്‍ണ സജ്ജനായി. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് പരിക്കേറ്റ നെയ്മര്‍ ബെഡ്റെസ്റ്റും ഫിസിയോ തെറാപ്പിയും കഴിഞ്ഞശേഷം പരിശീലനത്തിലായിരുന്നു. ഈ ആഴ്ച തുടങ്ങാനിരിക്കുന്ന സ്പാനിഷ് ലീഗിന്റെ പുതിയ സീസണല്‍ ബാഴ്സലോണയുടെ ആദ്യ മത്സരത്തില്‍ തന്നെ നെയ്മര്‍ കളിച്ചേക്കുമെന്നാണ് സൂചന.
പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് നെയ്മര്‍ കളിക്കളത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. സപ്തംബര്‍ ഒക്ടോബര്‍ മാസത്തോടെ മാത്രമേ നെയ്മര്‍ക്ക് കളിക്കളത്തിലേക്ക് മടങ്ങിവാരന് കഴിയുകയുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഗുരുതരമായ പരിക്കിനെയും മാനസികമായി നേരിട്ട നെയ്മര്‍ അതിവേഗം സുഖം പ്രാപിക്കുകയായിരുന്നു.
ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്കേറ്റത്. കൊളംബിയയുമായുള്ള മത്സരത്തിന്റെ അവസാന നിമിഷത്തില്‍ കൊളംബിയന്‍ ഡിഫന്റര്‍ സുനിഗയുടെ കാല്‍മുട്ട് നട്ടെല്ലിനിടിച്ച് നെയ്മര്‍ കളിക്കളത്തില്‍ വീഴുകയായിരുന്നു. കാല്‍മുട്ട് അല്പം മുകളിലായാണ് പതിച്ചിരുന്നെങ്കില്‍ താന്‍ ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ കഴിയേണ്ടിവന്നേനെയെന്ന് നെയ്മര്‍ പിന്നീട് പറഞ്ഞിരുന്നു.
നെയ്മറിന്റെ അഭാവത്തില്‍ 7-1 എന്ന സ്കോറിന് ബ്രസീല്‍ ജര്‍മനിയോട് സെമിയില്‍ പരാജയപ്പെട്ടു. പിന്നാലെ 3-0 എന്ന സ്കോറിന് ഹോളണ്ടിനോട് ലൂസേഴ്സ് ഫൈനലിലും ബ്രസീല്‍ തോറ്റു. നെയ്മറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കില്‍ ബ്രസീല്‍ ലോകകപ്പ് നേടുമെന്നുതന്നെയാണ് ഇപ്പോഴും ബ്രസീല്‍ ആരാധകര്‍ പറയുന്നത്. നെയ്മറെന്ന കളിക്കാരനില്‍ ആരാധകര്‍ക്കുള്ള വിശ്വാസം അത്രയും വലുതായിരുന്നു.