ദുബായ്: ഇംഗ്ലണ്ട് പര്യടനത്തിലെ മോശം ഫോം ഇന്ത്യയുടെ യുവതുര്‍ക്കികളായ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും ഐ സി സി റാങ്കിംഗിനെയും ബാധിച്ചു. എട്ടാം സ്ഥാനത്തായിരുന്ന ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന് പൂജാര രണ്ട് സ്ഥാനം താഴോട്ടിറങ്ങി പത്താമതെത്തി. കരിയറിലെ ഏറ്റവും മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലിയാകട്ടെ പതിനഞ്ചാം റാങ്കിലാണ്.
പര്യടനത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഹീറോയായ അജിന്‍ക്യ രഹാനെ മാത്രമാണ് ഐ സി സി റാങ്കിംഗില്‍ മെച്ചമുണ്ടാക്കിയത്. കരിയര്‍ ബെസ്റ്റ് ആയ ഇരുപത്താറാം റാങ്കിലാണ് രഹാനെ ഇപ്പോള്‍. ലോര്‍ഡ്സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ രഹാനെ സൗത്താംപ്ടണില്‍ രണ്ടിന്നിംഗ്സിലും അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. 266 റണ്‍സിന് ഇന്ത്യ തോറ്റ കളിയില്‍ 54 ഉം പുറത്താകാതെ 52 ഉം റണ്‍സായിരുന്നു രഹാനെയുടെ സംഭാവന.
ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. ഡിവില്ലിയേഴ്സിന്റെ സഹതാരമായ ഹാഷിം ആംല മൂന്നാം റാങ്കിലുണ്ട്. ശ്രീലങ്കയുടെ വെറ്ററന്‍ ബാറ്റ്സ്മാന് കുമാര്‍ സങ്കക്കാരയാണ് രണ്ടാം റാങ്കില്‍. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, വെസ്റ്റ് ഇന്‍ഡീസ് താരം ചന്ദര്‍പോള്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിന്റെ ബെല്ലും ബാല്ലന്സും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി.
ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ജയിംസ് ആന്ഡേഴ്സണ്, മോയീന്‍ അലി എന്നിവരും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവരും ബൗളിംഗില്‍ മെച്ചപ്പെട്ട റാങ്കിലെത്തി.