ഹൈദരാബാദ്: ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാന താരമായ സൈന നെഹ് വാള് പരിശീലകന് ഗോപീചന്ദിനെ ഒഴിവാക്കി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാഡ്മിന്റണ്‍ താരമായിരുന്നു പുല്ലേല ഗോപീചന്ദ് എന്ന പി ഗോപീചന്ദ്. മുന്‍ ഇന്ത്യന്‍ പരിശീലകനായ വിമല്‍ കുമാറിന് കീഴിലായിരിക്കും സൈന ഇനി പരിശീലനം നടത്തുക.
2006 മുതല്‍ ഗോപീചന്ദിന് കീഴിലാണ് സൈന പരിശീലനം നടത്തിയിരുന്നത്. ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയ സൈന ഇരുപതിലധികം അന്താരാഷ്ട്ര കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഗോപീചന്ദ് എന്ന മികച്ച പരിശീലകന്റെ പിന്തുണയോടെയായിരുന്നു.
ഇന്ത്യയുടെ ഒരേയൊരു ബാഡ്മിന്റണ്‍ താരം എന്ന പഴയ സ്ഥിതിയല്ല ഇപ്പോഴുള്ളത്. പിവി സിന്ധുവിനേയും കെ ശ്രീകാന്തിനേയും പോലുള്ള താരങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇവരേയും പിശീലിപ്പിക്കുന്നത് ഗോപീചന്ദ് തന്നെയാണ്. അതുകൊണ്ട് സൈനയില്‍ കൂടിതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നമില്ല.
ഇതിനിടെയാണ് ഡെന്മാര്ക്കില് നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സൈന ക്വാര്‍ട്ടറില്‍ പുറത്തായത്. ലോകചാമ്പ്യന്‍ഷിപ്പിനിടെ തന്നെ പരിശീലകനെ മാറ്റുന്ന കാര്യത്തില്‍ സൈന തീരുമാനമെടുത്തിരുന്നു. ഇക്കാര്യം അറിയച്ചപ്പോള്‍ ഗോപീചന്ദ് സമ്മതിച്ചതായി സൈന അവകാശപ്പെടുന്നു.
അടുത്ത ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സൈന പുതിയ പരിശീലകനിലേക്ക് മാറുന്നത്. ബാംഗ്ലൂരില്‍ വച്ചായിരിക്കും പരിശീലനം എന്ന് സൈന അറിയിച്ചു.