ഇഞ്ചിയോണ്‍ : പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ഒടുവില്‍ ഇന്ത്യയ്ക്കൊരു സ്വര്‍ണ്ണം. സാനിയ-സാകേത് സഖ്യത്തിലൂടെയാണ് ഇന്ത്യ ആറാം സ്വര്‍ണ്ണം നേടിയെടുത്തത്. തിങ്കളാഴ്ച നടന്ന മിക്സഡ് ഡബിള്‍സില്‍ ചൈനീസ് തായ്പേയുടെ ഹസേന്‍ യിന് -ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ -സാകേത് സഖ്യം നേട്ടം കൊയ്തത്. സ്കോര്‍ : 6-4, 6-3
മത്സരം 44 മിനിറ്റ് നീണ്ടുനിന്നു. നേരത്തെ ചൈനയുടെ ജീസെംഗ്-സീ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലേക്ക് കടന്നത്. ഏഷ്യന്‍ ഗെയിംസില്‍ സാനിയയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്. 2006 ല്‍ ദോഹ ഏഷ്യന്‍ ഗെയിംസില്‍ ലിയാന്‍ഡര്‍ പേസിനൊപ്പം സാനിയ സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ നടന്ന മത്സരത്തില്‍ സാനിയ-വിഷ്ണുവര്ധന് സഖ്യം മിക്സഡ് ഡബിള്‍സില്‍ വെളളിയാണ് നേടിയിരുന്നത്.
നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന സാനിയ മിര്‍സ ഗെയിംസിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് തീരുമാനം മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.
ആറ് സ്വര്‍ണ്ണവും ഏഴ് വെളളിയും 29 വെങ്കലവുമടക്കം 42 മെഡലുകള്‍ നേടിയിട്ടുളള ഇന്ത്യ മത്സരത്തില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോഴുളളത്.