ഷാര്‍ജ: മറന്നു വച്ച പണവും സുപ്രധാന രേഖകളും തിരിച്ചു നല്‍കി മാതൃകയായ ടാക്‌സി ഡ്രൈവറെ ഷാര്‍ജ ഗതാഗത വകുപ്പ് ആദരിച്ചു. 16,000 ദിര്‍ഹവും സുപ്രധാന രേഖകളും ആണ് ബംഗ്ലാദേശുകാരനായ എത്തിഹാദ് ടാക്‌സി ഡ്രൈവര്‍ സലീം അഹമ്മദ് സുരേഷ് കഴിഞ്ഞാഴ്‌ച ഉടമസ്ഥന് തിരിച്ചു നല്‍കി മാതൃക കാണിച്ചത്.
അബു ഷാഗരയില്‍ കയറി ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ ഇറങ്ങിയ യാത്രക്കാരന്‍ തന്റെ ബാഗ് കാറില്‍ മറന്നു വെക്കുകയായിരുന്നു. ഉടനെ ബാഗിലെ വിലാസം വെച്ച് സുരേഷ് ബാഗിന്റെ ഉടമസ്ഥനുമായി ബന്ധപ്പെടുകയായിരുന്നു.
സമ്മാനത്തുകയും, അനുമോദന സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സുരേഷിനെ ആദരിച്ചത്. എല്ലാ ടാക്‌സി ഡ്രൈവര്‍മാരും സുരേഷിനെ മാതൃകയാക്കണം എന്ന് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് ആഹ്വാനം ചെയ്‌തു.
കഴിഞ്ഞ മാസവും സുരേഷ് ഇങ്ങനെ തന്റെ ടാക്‌സിയില്‍ മറന്നു വച്ച പണം ഉടമസ്ഥനെ തിരിച്ചറിയാന്‍ സാധിക്കാത്ത കാരണം ഷാര്‍ജ പൊലീസിനെ ഏല്‍പിച്ചിരുന്നു.




















