ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തലവെട്ടി
ഡെറാഡൂണ്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ സഹോദരിയുടെ മുന്നില്‍ വച്ച് നാലംഗ സംഘം കഴുത്തറുത്ത് കൊന്നു. നൈനിറ്റാള്‍ ജില്ലയിലെ രാം നഗറിലാണ് സംഭവം. 2014 ജനവരിയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ബബ്ലു എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സഗം ചെയ്തത്. ഇയാള്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. ബബ്ലുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നത്.
അക്രമികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സഹോദരിയ്ക്ക് പ്രതികലെ തിരിച്ചറിയാം. ബലാത്സംഗക്കേസ് നല്കിയ ശേഷം പല തവണയും ബബ്ലു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയരുന്നതായി ബന്ധുക്കള്‍ പറയുന്നു.
സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയ്ക്ക് ഫോണ്‍ ചെയ്യുകയും വീടിന് പുറത്തേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് സഹോദരിയോടൊപ്പം യുവതി വീടിന് പുറത്തെത്തിയത്. കാത്ത് നിന്ന പെണ്‍കുട്ടിയ്ക്ക് മുന്നിലേയ്ക്ക് മറ്റ് മൂന്ന് സുഹൃത്തുക്കളൊടൊപ്പമാണ് ബബ്ലു എത്തിയത്.
ഇയാള്‍ കത്തിയെടുക്കുകയും പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിയുടെ സഹോദരിയെ യുവാവിന്റെ സുഹൃത്തുക്കള്‍ ബലമായി പിടിച്ച് വച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ പോയത്.