കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പ്രാഞ്ചിയേട്ടന്മാരെക്കൊണ്ട് പൊറുതിമുട്ടി!

Google Oneindia Malayalam News

KC Joseph
പ്രാഞ്ചിയേട്ടന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നാണ് സാംസ്‌കാരിക വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഗ്രാമവികസനമന്ത്രി കെ സി ജോസഫിന്റെ വിലാപം. പ്രാഞ്ചിയേട്ടനെ അറിയില്ലേ? സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായകകഥാപാത്രം അരിപ്രാഞ്ചി പത്മശ്രീ കിട്ടാന്‍ കയ്യും കാലുമിട്ടടിക്കുന്ന കാഴ്ച കാണികളെ ഹരം കൊള്ളിച്ചിരുന്നു.

ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഒരാളുമായും തന്റെ കഥാപാത്രത്തിന് ബന്ധമില്ലെന്ന് രഞ്ജിത്ത് പറയുമെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്ന നൂറായിരം പത്മമോഹികളുടെ ചങ്കിന് കുത്തുകയായിരുന്നു അദ്ദേഹം. അത്തരക്കാരെക്കുറിച്ചുള്ള കഥകളും സിനിമയും അതിശയോക്തിയാണെന്ന് പറയുന്നവര്‍ക്കാണ് മന്ത്രിയുടെ വക മറുപടിയുണ്ടായിരിക്കുന്നത്.

പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യണമെന്ന ആവശ്യപ്പെടുന്നവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് മന്ത്രി കൊല്ലത്ത് നടന്ന പൊതുപരിപാടിയില്‍ തുറന്നടിച്ചു. ഇത്തരക്കാരെ കാണുമ്പോള്‍ തന്നെ തനിക്ക് കഷ്ടം തോന്നാറുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ആയതിനാല്‍ പത്മമോഹികളായ പൗരപ്രമുഖര്‍ക്ക് നാണവും മാനവുമുണ്ടെങ്കില്‍ ഈ പണി ഇനിയെങ്കിലും നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇനി ശുപാര്‍ശക്കെത്തുന്നരുടെ ലിസ്റ്റ് തന്നെ മന്ത്രി പുറത്തുവിട്ടുകളയും!

രാഷ്ട്രീയക്കാര്‍ക്ക് നാണവും മാനവുമില്ലെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവ് തന്നെ നാണത്തിന്റെയും മാനത്തിന്റെയും കാര്യത്തില്‍ തങ്ങളെ വെല്ലുന്ന ജീവികള്‍ മനുഷ്യവര്‍ഗത്തില്‍തന്നെയുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്.

സാംസ്‌കാരിക മന്ത്രി അധ്യക്ഷനായ സമിതിയാണ് സംസ്ഥാനത്ത് നിന്ന് പത്മ പുരസ്‌കാരത്തിന് ആളുകളെ ശുപാര്‍ശ ചെയ്യുന്നത്. രാഷ്ട്രപതിയുടെ ഓഫീസും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയരായ ആളുകളെ കണ്ടെത്തി പുരസ്‌കാരം നല്‍കാറുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്താലും രാഷ്ട്രപതിയുടെ ഓഫീസിനാണ് പുരസ്‌കാരജേതാക്കളെ നിര്‍ണയിക്കാനുള്ള അവകാശം. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും രാജ്യത്തിനും സമൂഹത്തിനും മാതൃകയും സംഭാവനകളും നല്‍കിയവരുമായ വിശിഷ്ട വ്യക്തികളെയാണ് പത്മ പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുക്കുക.

എന്നാല്‍ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന സമയത്ത് ആ ലിസ്റ്റില്‍ പെട്ട ചിലരെ കാണുമ്പോള്‍ ഇവര്‍ ഇതിന് അര്‍ഹരാണോ എന്ന് പൊതുജനത്തിന് തോന്നാറുണ്ട്. അവര്‍ക്കുള്ള ഉത്തരമാണ് മന്ത്രി കെ സി ജോസഫ് നല്‍കിയിരിക്കുന്നത്. ചിലരുടെ ശല്യം സഹിക്കാനാവാതെ സര്‍ക്കാര്‍ പത്മയ്ക്ക് ശുപാര്‍ശ ചെയ്തതാണെന്ന് വ്യക്തമായിരിക്കുകയാണല്ലോ!

സമൂഹത്തില്‍ ഉന്നതരെന്ന് കരുതുന്ന ഒട്ടേറെപ്പേര്‍ പുരസ്‌കാരത്തിന് വേണ്ടി സ്വയം ശ്രമിക്കാറുണ്ടെന്നും ഈ സമിതിയുടെ അധ്യക്ഷനായതിനാല്‍ തനിക്ക് ഇക്കാര്യം നേരിട്ടറിയാമെന്നുമാണ് മന്ത്രി കെ സി ജോസഫ് വ്യക്തമാക്കിയത്. ഇത്തവണയെങ്കിലും പത്മ കിട്ടിയില്ലെങ്കില്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നാണ് ചിലര്‍ കരഞ്ഞുപറഞ്ഞത്. പലര്‍ക്കും കിട്ടുന്ന പുരസ്‌കാരങ്ങള്‍ കൊടുക്കുന്നവയല്ലെന്നും അത് വാങ്ങിയെടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞതോടെ പത്മ കിട്ടുന്നവരെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

ബെന്‍സും ബി എം ഡബ്ല്യൂവും ഓഡിയും വാങ്ങുന്നതുപോലെ കാശുകൊടുത്ത് പത്മശ്രീ വാങ്ങാനും കേരളത്തില്‍ പൗരപ്രമുഖന്മാര്‍ ക്യൂ നില്‍ക്കുകയാണെന്ന് സാംസ്‌കാരികമന്ത്രി തന്നെ തുറന്ന് പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമേയില്ല. പരമവീരചക്രം കിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍ അതിനും ശ്രമിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടാകും ഉറപ്പാണ്.

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്‌നം എന്നിവയാണ് സിവിലിയന്‍ ബഹുമതികള്‍. ഇതില്‍ പത്മശ്രീക്കാണ് ഡിമാന്റ് കൂടുതല്‍. എളുപ്പം കിട്ടാവുന്നതും എണ്ണത്തില്‍ കൂടുതലും പത്മശ്രീയാണ്. അടുത്തകാലത്ത് പത്മശ്രീ കിട്ടിയ പ്രമുഖരില്‍ ചിലര്‍ പത്രങ്ങളില്‍ ദിവസങ്ങളോളം മുഴുപ്പേജ് പരസ്യം കൊടുത്തിരുന്നു. മാത്രമല്ല പരസ്യങ്ങളില്‍ പേരിന് മുമ്പില്‍ പത്മശ്രീ ഉറപ്പിക്കുകയും ചെയ്തു. ഇതൊന്നും പോരാത്തതിന് ജില്ലകള്‍ തോറും സ്വന്തം ചെലവില്‍ സ്വീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

യഥാര്‍ത്ഥത്തില്‍ ഇത്തരം ബഹുമതികള്‍ ലഭിക്കുന്നവര്‍ അത് ദുരുപയോഗം ചെയ്യാനോ പേരിന് മുന്നില്‍ ഉപയോഗിക്കാനോ പാടില്ലെന്ന് ചട്ടമുണ്ട്. കാശും സ്വാധീനവും കൊണ്ട് പത്മ വാങ്ങിയവര്‍ക്ക് എന്ത് ചട്ടം, എന്ത് നിയമം! മുമ്പ് രാജ്യത്തെ മികച്ച നടന് ഭരത് അവാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ പേരിന് മുന്നില്‍ ഭരത് എന്ന് ഉപയോഗിക്കാന്‍ ചട്ടമില്ലാത്തതിനാല്‍ നടന്‍ ഗോപി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ഭരത് ഗോപിയെന്ന് തന്നെ പേര് മാറ്റിയെടുത്തു.

പിന്നീട് ഭരത് അവാര്‍ഡ് തന്നെ നിര്‍ത്തിലാക്കിയിട്ടും മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ പേരിന് മുന്നില്‍ ഭരത് എന്ന് പ്രയോഗിക്കുക സാധാരണയാണ്. ഇതില്‍ പത്മശ്രീ കൂടി കിട്ടിയവര്‍ പേരിന് മുന്നില്‍ ഭരത് പത്മശ്രീ എന്ന് ചേര്‍ത്ത് കോള്‍മയിര്‍ കൊള്ളുന്നുണ്ട്. നാണമില്ലാത്തവര്‍ക്ക് എവിടെയെങ്കിലും ആലുമുളച്ചാല്‍ അതും തണലാണ്.

English summary
A lot of people trying to get Padmashree, most of them creating pressure on selection committee, Says Kerala cultural minister KC Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X